Wednesday, September 24, 2008

പ്രണയാനുഭാവികളേ ഇതിലേ ഇതിലേ...

പ്രണയം അത്‌ അനശ്വരവും മനോഹരവും മണ്ണാങ്കട്ടയുമൊക്കെയാണെന്നാണെല്ലോ പലരുടെയും വെപ്പ്‌്‌. ആരോടെങ്കിലും എപ്പോഴെങ്കിലും പ്രണയം തോന്നാത്തവരായി ലോകത്താരുമുണ്ടാവില്ല എന്നാണ്‌ ലൗ ഗുരുക്കള്‍ പറഞ്ഞുവച്ചിട്ടുള്ളത്‌. ആയതിനാല്‍ ഏകജാലകം നിങ്ങള്‍ക്കായി ഒരവസരമൊരുക്കുന്നു. പ്രണയിക്കാനല്ല, പ്രണയാനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍. നിങ്ങളുടെ കുറിപ്പുകള്‍ ഈ പോസ്‌റ്റിനു താഴെ കമന്റായി അയക്കുക. മികച്ച അനുഭവങ്ങള്‍ ഏകജാലകത്തില്‍ പ്രസിദ്ധീകരിച്ച്‌ വോട്ടിങിലൂടെ ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നല്‍കും. ഓര്‍ക്കുക, ഒരു ബ്ലോഗില്‍ നിന്ന്‌ ഒരൊറ്റ അനുഭവം മാത്രമേ അയക്കാവൂ. ബ്ലോഗില്ലാത്തവര്‍ക്ക്‌ ഞങ്ങളുടെ പ്രതിനിധികളെ നേരിട്ട്‌ ഏല്‍പ്പിക്കാവുന്നതാണ്‌. ആവശ്യമെങ്കില്‍ നിങ്ങളുടെ പേരു വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കും. അവസാന തിയ്യതി ഒക്ടോബര്‍ രണ്ട്‌.

2 comments:

Anonymous said...

മൈലാഞ്ചിക്കാടുകള്‍ പൂത്തപ്പോള്‍
----------------------

മലപ്പുറം ജില്ലയുടെ എല്ലാ വിശുദ്ധിയുമുള്ള ഗ്രാമമാണ്‌ ഞങ്ങളുടേത്‌. ഹൈവേയില്‍ നിന്ന്‌ അല്‍പ്പം ഉള്ളിലേക്കു മാറിയാണ്‌ എന്റെ വീട്‌. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ കവുങ്ങു കൊണ്ടു കെട്ടിയുണ്ടാക്കിയ ഇരിപ്പടങ്ങളിലിരുന്ന്‌ വെടി പറയുക ഏറെ ആസ്വാദ്യകരമാണ്‌. ഇങ്ങനെയുള്ള വെടിപറച്ചില്‍ സമയത്ത്‌ നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ കടന്നു പോവാറുണ്ട്‌. സ്‌കൂളുകളില്‍ യൂനിഫോമില്ലാത്ത ബുധനാഴ്‌ച മാത്രമാണ്‌ ഞങ്ങള്‍ ഈ സ്‌കൂള്‍ വണ്ടികളിലേക്കു കാര്യമായി നോക്കാറുള്ളൂ. മറ്റു ദിവസങ്ങളില്‍ എല്ലാവരും ഒരുപോലിരിക്കും എന്നതു തന്നെ ഇതിനു കാരണം. ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥാപനത്തിന്റെ ബസ്സും ഇതില്‍പ്പെടും. കാണാന്‍ അത്ര ഭംഗിയൊന്നുമില്ലാത്ത ഈ ബസ്‌ ദൂരെ നിന്നേ അതിന്റെ വരവറിയിക്കും. കാലപ്പഴക്കം മൂലമുണ്ടായ ശബ്ദഗാംഭീര്യം തന്നെ കാരണം. ചെറുപ്പം മുതല്‍ കാണുന്ന ഡ്രൈവര്‍ ഞങ്ങളെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യാറുണ്ട്‌. എന്റെ പ്ലസ്‌ടു സ്‌കൂള്‍ വീട്ടില്‍ നിന്ന്‌ അത്ര ദൂരെയൊന്നുമല്ല.
നാളുകളങ്ങനെ മുന്നോട്ടു പോവുമ്പോഴാണ്‌ ഒരു ബുധനാഴ്‌ച വന്നെത്തിയത്‌. അന്ന്‌ ഡ്രൈവറുടെ ഭാഗത്ത്‌ ബസ്സിന്റെ ഏറ്റവും പിന്നിലെ സീറ്റില്‍ പിങ്ക്‌ ചുരിദാര്‍ ധരിച്ച ഒരു കുട്ടിയുടെയും എന്റെയും കണ്ണുകള്‍ തമ്മിലുടക്കിയത്‌. ഈ സമയത്താണ്‌ ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിക്കുന്നത്‌ എന്നാണ്‌ എന്റെ വിശ്വാസം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളെയും കാത്ത്‌ കവുങ്ങുതടിക്കു മുകളില്‍ കാത്തിരിക്കല്‍ ഞാന്‍ പതിവാക്കി? ഇല്ലെന്നേ. ബസ്‌ ഹൈവേയില്‍ നിന്ന്‌ ഞങ്ങളുടെ റോഡിലേക്കു കടക്കുമ്പോള്‍ അല്‍പ്പം വേഗത കുറയും. ഈ സമയത്ത്‌ ബസ്സിന്റെ ഒരു വശത്തുള്ള എല്ലാ സുന്ദരികളെയും കാണുക വളരെക്കുറച്ചു സമയത്തേക്കാണ്‌. അതു കൊണ്ടു തന്നെ ആ പിങ്ക്‌ ചുരിദാറിനെത്തന്നെ സ്ഥിരമായി കണ്ണില്‍ ഉടക്കുക അത്ര എളുപ്പമല്ല. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ കണ്ണുകളുടെ തിളക്കം എനിക്കു വേണ്ടി മാത്രമായതായി കൂട്ടുകാര്‍ സൂചിപ്പിച്ചു. എന്നാല്‍ പ്രേമിക്കാന്‍ ആര്‍ക്കു നേരം എന്നായിരുന്നു എന്റെ നിലപാട്‌. ദിവസത്തില്‍ ഏഴോ എട്ടോ സെക്കന്റ്‌ മാത്രം കാണാന്‍ കിട്ടുന്ന ഒരു പെണ്‍കുട്ടിയെ പ്രേമിച്ചിട്ട്‌ എന്തു കിട്ടാന്‍! എന്നാലും സുഹൃത്തുക്കളൊക്കെ കളിയാക്കിയതിനാല്‍ അവളെ ഞാന്‍ ശ്രദ്ധിക്കാതിരുന്നുമില്ല. എന്റെ സൗന്ദര്യം ഒരു പെണ്‍ഹൃദയം അംഗീകരിച്ചു എന്നത്‌ അഭിമാനവും അഹങ്കാരവുമാണല്ലോ.
ബസ്സിനോടൊപ്പം ദിവസങ്ങള്‍ കടന്നുപോയി.
ഓണം വെക്കേഷനാണ്‌ സംഭവം. രാത്രി ഫുട്‌ബോള്‍ മാച്ച്‌ കണ്ട്‌ കിടക്കാന്‍ കുറച്ചു വൈകിയിരുന്നു. പിന്നെ ഉമ്മ വിളിക്കുന്നത്‌ കേട്ടാണ്‌ ഉറക്കമുണര്‍ന്നത്‌. കണ്ണു തിരുമ്മി ലുങ്കി വാരിവലിച്ചു കുത്തി വാതില്‍ തുറന്നു. അനിയനും ഉണര്‍ന്നു.
ഉമ്മയുടെ പിന്നാലെ ഉമ്മറത്തേക്കു പോയി. ആരൊക്കെയോ അടക്കിപ്പിടിച്ചു സംസാരിക്കുന്നത്‌ കേള്‍ക്കാം. ഉമ്മറത്ത്‌ എത്തിയപ്പോള്‍ റോഡില്‍ ഒരു ടൂറിസ്‌റ്റ്‌ ബസ്‌ നിര്‍ത്തിയിരിക്കുന്നതാണ്‌ ആദ്യം കണ്ടത്‌. പിന്നെയാണ്‌ ഉമ്മറത്തിരിക്കുന്നവരെ ശ്രദ്ധിച്ചത്‌. അതെ. എന്റെ പിങ്ക്‌ ചുരിദാര്‍!
പിന്നെയും നാലഞ്ചു കുട്ടികളുണ്ട്‌. ബസ്സില്‍ മിന്നിമറഞ്ഞിരുന്നവര്‍ തന്നെ എല്ലാവരും. എന്റെ വീട്ടില്‍ തന്നെ വന്നു കയറിയതിലുള്ള ചമ്മലും സന്തോഷവുമൊക്കെ അവരുടെ മുഖത്തു കാണാം. രണ്ട്‌ അധ്യാപികമാരും ഒരു സാറുമുണ്ട്‌. പഠനയാത്ര കഴിഞ്ഞു വരികയായിരുന്ന അവരുടെ ബസ്‌ കേടായതാണെന്നും വേറെ വണ്ടി സ്‌കൂളില്‍ നിന്ന്‌ പുറപ്പെട്ടിട്ടുണ്ട്‌ എന്നും ഉമ്മയാണ്‌ പറഞ്ഞത്‌. ഞാനാണെങ്കില്‍ ആകെക്കൂടി ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. നേരത്തേ പറഞ്ഞ ചമ്മലും സന്തോഷവുമൊക്കയായിരുന്നു എനിക്കും. താമസിയാതെ ഞാന്‍ 'സമനില' വീണ്ടെടുത്തു. ഉമ്മ ചായയുണ്ടാക്കി. ഞാന്‍ സപ്ലൈ ചെയ്‌തു. ടീച്ചര്‍മാരുള്ളതു കൊണ്ട്‌ പിങ്കിനോടു മാത്രം സംസാരിക്കുന്നതെങ്ങനെ. എന്റെ സ്‌കൂളിനെപ്പറ്റിയും അവിടെ അവര്‍ക്കു പരിചയമുള്ള അധ്യാപകരെക്കുറിച്ചും ടീച്ചര്‍മാര്‍ സംസാരിച്ചു. സ്‌കൂള്‍ ബസ്‌ വരാത്തതില്‍ ഇടയ്‌ക്കിടെ ഉല്‍ക്കണ്‌ഠപ്പെട്ടു.
സാറ്‌ വീണ്ടും സ്‌കൂളിലേക്കു ഫോണ്‍ ചെയ്‌തു. 'വണ്ടി പുറപ്പെട്ടിട്ടുണ്ട്‌' അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും മുഖത്ത്‌ വെളിച്ചം വീണു; രണ്ടു പേരുടേതൊഴിച്ച്‌. അത്‌ എന്റയും എന്റെ പിങ്കിന്റേതുമായിരുന്നു. ഉമ്മ കുട്ടികളുമായി അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്‌ നടുത്തളത്തില്‍. മോള്ളെ പേരെന്താ? മോള്ളെ..? അന്റെയോ? ഞാനും പതുക്കെ നടുത്തളത്തിന്റെ ഒരറ്റത്ത്‌ ഒതുങ്ങി നിന്നു. അങ്ങനെ ഉമ്മ അവളുടെ പേരും ചോദിച്ചു.
'നിസ്‌നി'
'ങ്ങടെ വീട്‌ ബ്‌ടെ അട്‌ത്താ?'
'കൊറച്ച്‌ ദൂരണ്ട്‌. പള്ളിപ്പാലത്താ..'
'പള്ളിപ്പാലത്ത്‌ ആര്‌ടെ മോളാ?'
'പ്പാടെ പേര്‌ സെയ്‌ത്‌..ന്നാ, കുഴിക്കണ്ടത്തിലെ'
'അഅ്‌ സരി. മോന്വോ.. ഇത്‌ ഞമ്മടെ കുടുമ്മക്കാരാ. ചങ്ങരംകൊളത്തെ എളാമാടെ അളിയന്റെ വീട്ടുകാരാണ്‌ കുയിക്കണ്ടത്തീക്കാര്‌.. മോളേ, അന്റെ പ്പ ഗുജറാത്തിലല്ലേ?'
'ഉം....'
അപ്പോഴേക്കും ഒരു ജീപ്പ്‌ ഗെയ്‌റ്റിനു മുന്നില്‍ വന്നു നിന്നു. ബസ്സില്‍ നിന്ന്‌ ബാഗും മറ്റു സാധനങ്ങളും ജീപ്പിലേക്കു മാറ്റാന്‍ ഞാനും സഹായിച്ചു. അവളുടെ ബാഗ്‌ കയ്യിലെടുത്തു കൊടുക്കുമ്പോള്‍ എന്റെ കൈവിരലില്‍ അവള്‍ പതുക്കെ തൊട്ടു. ആ വിരലുകളുടെ അറ്റത്ത്‌ കടുംചുവപ്പു നിറത്തില്‍ മൈലാഞ്ചിയിട്ടിരുന്നത്‌ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. എന്റെ ജീവിതത്തിലാകെ മൈലാഞ്ചിക്കാടുകള്‍ പൂത്തുലയുകയായിരുന്നു പിന്നീട്‌.
ബസ്സിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ പതിവായി. ഇക്കാക്ക ലൈറ്റണയ്‌ക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന്‌ അനിയന്‍ ഉമ്മയോടു പരാതി പറഞ്ഞു.
അങ്ങനെ പ്ലസ്‌ടു കഴിഞ്ഞു. ബസ്സില്‍ പുതിയ മുഖങ്ങള്‍ വന്നു. ആയിടെയാണ്‌ ചങ്ങരംകുളത്ത്‌ ബന്ധുവീട്ടില്‍ കല്ല്യാണമുണ്ടായത്‌. തലേ ദിവസം തന്നെ ഞാനും ഉമ്മയും അനിയനും പുറപ്പെട്ടു. ഞങ്ങളുടെ നാട്ടിലൊക്കെ മുസ്‌ലിം വീടുകളില്‍ മൈലാഞ്ചിക്കല്ല്യാണം എന്നൊരു പരിപാടിയുണ്ട്‌ വധൂഗൃഹങ്ങളില്‍. എളാമയുടെ വീട്ടിലെ എന്റെ അനിയത്തിമാരുടെ സഹായത്തോടെ നിസ്‌നിയുടെ കൈയില്‍ മൈലാഞ്ചി കൊണ്ട്‌ ഞാന്‍ എന്റെ ഹൃദയത്തിന്റെ ചിത്രം വരച്ചു.
പിന്നെയും ഞങ്ങള്‍ മൂന്നുനാലു കല്ല്യാണ വീടുകളില്‍ ഒരുമിച്ചു. ഉപ്പ സൗദിയില്‍ നിന്നു വന്നപ്പോള്‍ എന്റെ നിര്‍ബന്ധപ്രകാരം എളാമയെയും കൂട്ടി പോയി ഞങ്ങള്‍ പള്ളിപ്പാലത്തെ കുടുംബവുമായുള്ള ബന്ധം പുതുക്കി. ഇപ്പോള്‍ അവള്‍ തൃശ്ശൂരില്‍ പഠനം തുടരുന്നു. അഞ്ചാറു കൊല്ലം കഴിഞ്ഞു. അവള്‍ക്കു നല്ല കല്ല്യാണാലോചനകളൊക്കെ വരുന്നുണ്ടെന്ന്‌ എളാമ ഉമ്മയോടു പറയുന്നതു കേട്ടു. പഴയ പോലെയല്ല, അവളുടെ കുടുംബം ഇന്ന്‌ എന്നെപ്പോലൊരു സാധാരണ ഗള്‍ഫുകാരന്റെ മകന്‌ എത്തിപ്പിടിക്കാവുന്നതല്ല. ഞാനും അവളും ഇതു വീട്ടുകാരോടു പറഞ്ഞിട്ടില്ല. താമസിയാതെ അതു പറയണമെന്നാണു കരുതുന്നത്‌. അതിനുള്ള ധൈര്യം സംഭരിക്കുകയാണ്‌ ഞങ്ങള്‍. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ.

എന്‍.ബി: നിസ്‌നി എന്ന പേര്‌ സാങ്കല്‍പ്പികം

പകല്‍കിനാവന്‍ | daYdreaMer said...

എന്‍റെ മധുരമുള്ള രാത്രികളില്‍ ഞാന്‍ ഏറെ പണിപ്പെട്ടു
കണ്ടെടുത്ത സ്നേഹം മധുരമേറിയതായിരുന്നു...
പകലുകള്‍ ഏറെ ദുഷ്കരമായിരുന്നു
ദുര്‍ഗന്ധവും അഴുക്കും പ്രണയിക്കുന്ന
ദൈര്‍ഘൃമേറിയ പകലുകള്‍...
രാത്രിയോടുള്ള എന്‍റെ പ്രണയം
സിഗരറ്റ് ചുവയുള്ള വിണ്ടു കീറിയ
ചുണ്ടുകളില്‍ ഞാന്‍ ആവര്‍ത്തിച്ചു

അവളെന്നോടൊരു സ്വകാര്യം പറഞ്ഞു...!
നീ കഴിച്ച മധുരമുള്ള പഴങ്ങളില്‍
മരണത്തിന്‍റെ പുഴുക്കളെ അവള്‍
കുത്തിനിറച്ചിരുന്നുവെന്ന്...

എന്നിട്ടും ഞാന്‍ അവളെ വിശ്വസിച്ചു
പുകയിലകറയുടെ കയ്പേറിയ അധരം
മധുരമൂറുന്നതാണന്നു വീണ്ടും വീണ്ടും
അവളെന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു...!!!