Saturday, November 13, 2010

മൂന്നാംകണ്ണന്റെ ഉഡായിപ്പുകള്‍

വയസ്സാന്‍ കാലത്തെ ഓരോ വി(കാ)ചാരങ്ങളേ! മൂന്നാംകണ്ണന്‌ കോളജില്‍ പോയി പഠിക്കണം പോലും. 2006വരെയുള്ള 15 കോല്ലം വിവിധ സ്ഥലങ്ങളില്‍ പഠിക്കാനെന്നും പറഞ്ഞ്‌ പോയി ആറാടിയ പുള്ളിക്ക്‌ ഒരു രണ്ടു വര്‍ഷം കൂടി അഴിഞ്ഞാടണമെന്ന്‌. പഴയ വീക്ക്‌നെസ്സായ യൂനിവേഴ്‌സിറ്റി കാംപസ്സില്‍ തന്നെ കമ്മ്യൂണിക്കേഷന്‍ ജേണലിസം ബിരുദാനന്തര ബിരുദ കോഴ്‌സിന്‌ അഡ്‌മിഷനും കിട്ടിയിരിക്കുന്നു.
ഇപ്പോള്‍ വെറുതെയിരിക്കാനൊന്നും സമയമില്ല കെട്ടോ. രാവിലെ 10 മുതല്‍ അഞ്ചുവരെ കോളജ്‌, തുടര്‍ന്ന്‌ രാത്രി 12 മണി വരെ ജോലി . സമയം കിട്ടിയാല്‍ ഉറക്കവും. ഇതിനിടെ തന്റെ ഉറക്ക, ഭക്ഷണക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ ചില കണിശതകള്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ബ്ലൂബെല്‍സ്‌ വീട്ടില്‍ നിന്ന്‌ ഏകജാലകക്കാരെ വീട്ട്‌ മൂന്നാംകണ്ണന്‍ മെസ്‌ ഹോസ്‌റ്റലിലേക്ക്‌ കുടിയേറിയിട്ടുണ്ട്‌.ഒക്ടോബര്‍ രണ്ടാംതിയ്യതിയായിരുന്നു ഈ വീടുമാറ്റം. ഇത്‌ ക്ലീനിങില്‍ നിന്ന്‌ രക്ഷപ്പെടാനാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഏതായാലും പുള്ളിയുടെ പുതിയ ഉഡായിപ്പുകള്‍ യൂനിവേഴ്‌സിറ്റിക്കാരും മെസ്സ്‌ ഹോസ്‌റ്റലിലുള്ളവരും സഹിച്ചോളും എന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ഏകജാലകത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍. അപ്പോഴാണ്‌ പുതിയ പ്രതിസന്ധി. ഏകജാലകം പിളര്‍ത്താന്‍ ചില ശ്രമങ്ങള്‍ മൂന്നാംകണ്ണന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി കുന്നിക്കോടനെയും യൂഎം മുക്കുവനെയും മെസ്സ്‌ ഹോസ്‌റ്റലിലേക്ക്‌ ആകര്‍ഷിക്കാനുള്ള പെടാപ്പാടിലാണ്‌ മൂപ്പര്‍.

Monday, April 19, 2010

ഉമ്മായുടെ ഐഡിയയും ഇ-മാന്റെ റ്റാറ്റയും

ഏപ്രില്‍ 15 വ്യാഴാഴ്‌ച രാവിലെ. മലയാളികള്‍ വിഷുക്കണിയും വെടിക്കെട്ടും ഒരുക്കിയ സുദിനത്തിലാണ്‌ ഇ-മാന്‍ നിക്കാഹിതയായ വീടരെ സ്വവസതിയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. മണവാട്ടിയെ ആനയിക്കാനുള്ള സ്‌ത്രീപ്പടയെ അനുഗമിച്ച്‌ 10ല്‍ താഴെ വരുന്ന പുരുഷ കേസരികള്‍. ഏകജാലകത്തെ പ്രതിനിധീകരിച്ച്‌ മൂന്നാംകണ്ണന്‍ രാവിലെ 9.45ഓടെ ഇ-വസതിയിലെത്തി. 10.30ഓടെ പുറപ്പെട്ട കല്യാണപ്പാര്‍ട്ടി കൃത്യം 12ന്‌ വധൂഗൃഹത്തില്‍ കാലുകുത്തി.
തൊട്ടടുത്ത്‌ കുറേ പാറക്കെട്ടുകള്‍ കണ്ടപ്പോള്‍ ഇ-മാന്‌ അല്‍പ്പം ഫോട്ടോ എടുത്താലോ എന്നൊരു പൂതി. പെട്ടെന്നാണ്‌ പുള്ളിക്ക്‌ അക്കാര്യം ഓര്‍മവന്നത്‌. താന്‍ ഇവിടെ വന്നിരിക്കുന്നത്‌ മണവാളനായിട്ടാണ്‌. അത്‌ കൊണ്ട്‌ കാമറ മൂന്നാംകണ്ണന്‌ കൈമാറി ചാഞ്ഞും ചെരിഞ്ഞു മരത്തില്‍ ചാരിയും കുമ്പിട്ടും കുനിഞ്ഞുമെല്ലാം വേണ്ടുവോളം പോസ്‌ ചെയ്‌തു. അസ്സല്‍ ചെക്കന്റെ വീട്ടുകാരുടെ ബോഡിഷോ തന്നെ. ഇതിനിടയില്‍ താന്‍ മണവാട്ടിയുടെ വീട്ടിലാണെന്ന കാര്യവും ഇ-മാന്‍ മറന്നോ ആവോ? ഏതായാലും പുതിയാപ്പിള വിളിക്കുന്നതൊന്നും കാത്തുനില്‍ക്കാതെ മണവാട്ടി നാത്തൂന്‍ സമേതം വീടുവിട്ടു. ഇതു കണ്ട്‌ ഓടിച്ചെന്ന ഇ-മാന്‍ യാതൊരു ഭാവമാറ്റവുമില്ലാതെ വീണ്ടും ഫോട്ടോ സെഷന്‌ ഉത്തരവിട്ടു.
രണ്ടേമുക്കാലോടെ വധുവും പരിവാരങ്ങളും ഇ-മാന്റെ വീട്ടിലെത്തി. പന്തലില്‍ വച്ച്‌ കുറച്ചുകൂടി ഫോട്ടോസ്‌ എടുത്താലോ എന്ന്‌ മണവാളനൊരു പൂതി. വീണ്ടും ഫോട്ടോ സെഷന്‍. ഇതിനിടെ ഇ-മാന്‍ എണീറ്റ തക്കം നോക്കി ഉമ്മയെത്തി മണവാട്ടിയെ അകത്തേക്ക്‌ ക്ഷണിച്ചു. അതുകൂടി കാമറയില്‍ പകര്‍ത്തണമെന്ന്‌ പുയ്യാപ്ലക്ക്‌ നിര്‍ബന്ധം. വീണ്ടുമൊരു ഫോട്ടോ സെഷന്‍ കൂടി അവിടെ നടക്കുമോ എന്നോര്‍ത്ത്‌ അതിഥികള്‍ സ്‌തംഭിച്ചു നില്‍ക്കവെ ഉമ്മ മണവാട്ടിയുമായി അകത്തേക്ക്‌. ഇതുകണ്ട്‌ പരിസരം മറന്ന ഇ-മാന്‍ നിന്നനില്‍പ്പില്‍ ഒരു കമന്റ്‌ പാസാക്കി: "ഈ ഉമ്മാക്ക്‌ ഒരൈഡിയയുമില്ല". ഇനി ഐഡിയ വേണ്ടത്‌ നിനക്കാണെന്ന്‌ കേട്ടവരിലൊരാള്‍. അല്‍പ്പം കഴിഞ്ഞ്‌ യാത്ര പറഞ്ഞ്‌ മടങ്ങുകയായിരുന്ന മൂന്നാംകണ്ണനോട്‌ റ്റാറ്റാ പറഞ്ഞ മണവാളന്‍ ആത്മഗതം കൊണ്ടു: "ദുഷ്ടാ, ഇന്നു ഞാന്‍ നിന്റെ കൈയിലിരിപ്പ്‌ മുഴുവന്‍ സഹിക്കേണ്ടി വരുമല്ലോ".

Thursday, April 8, 2010

കുംഭകര്‍ണന്‍മാരും റിപ്‌വാന്‍ വിങ്കിളും

പഴയ കോളജ്‌ സുഹൃത്തുക്കളോടൊപ്പം ഒരു രാത്രി ചെലവഴിച്ചതിന്റെ ഹാങോവറില്‍ ബ്ലൂ ബെല്‍സില്‍ മടങ്ങിയെത്തിയതാണ്‌ മൂന്നാംകണ്ണന്‍. കോണി കയറുമ്പോള്‍ ലൗബ്രേറിയനൊപ്പം ഇറങ്ങി വന്നയാള്‍ ഇങ്ങനെ പറഞ്ഞു: "മൈ നെയിം ഈസ്‌ (അയ്യൂബ്‌) ഖാന്‍, ഫക്ഷണം കഴിക്കാന്‍ പോരുന്നോ?" അവരോടോപ്പം വട്ടക്കിണറിലിറങ്ങി വട്ടത്തിലിരുന്ന്‌ വട്ടത്തില്‍ തന്നെയുള്ള നാല്‌ ഇഡ്ഡലിയും കഴിച്ച്‌ മുറിയിലെത്തി. ഇതെന്ത്‌ കഥ. സമയം 11നോട്‌ അടുത്തിട്ടും നാലു കെട്ടനും പച്ചപ്പൊട്ടനും വല്യേട്ടനും ഉണര്‍ന്നിട്ടില്ല. പെണ്ണുകെട്ടന്‍ അതിരാവിലെ സ്ഥലം വിട്ടിട്ടുണ്ട്‌. കൈയില്‍ കാശില്ലാത്തതിനാല്‍ രാവിലത്തെ ചായ ലാഭിക്കാനായി ഉറക്കം നടിക്കുകയായിരുന്നു നാലു കെട്ടനും പച്ചപ്പൊട്ടനുമെന്നാണ്‌ ആക്ഷേപം.
ഉച്ച തിരിഞ്ഞു മൂന്നോട്‌ കൂടി ഇരു കുംഭകര്‍ണന്‍മാരുമൊത്ത്‌ മൂന്നാംകണ്ണന്‍ ആപ്പീസിലേക്ക്‌ തിരിച്ചു. എന്നിട്ടും ഉണരാതെ വല്യേട്ടന്‍ കിടപ്പ്‌ തുടരുകയാണ്‌. തലേന്ന്‌ രാത്രി കിടന്നതാണ്‌ മൂപ്പര്‍. 25 കൊല്ലം തുടര്‍ച്ചയായി ഉറങ്ങിയ റിപ്‌വാന്‍ വിങ്കിളിന്റെ റെക്കോഡ്‌ പുള്ളി സ്വന്തം പേരില്‍ കുറിക്കുമോ എന്നറിയാന്‍ ഉണരും വരെ കാത്തിരിക്കുക തന്നെ.

Wednesday, March 24, 2010

രണ്ട്‌ ശരീരവും ഒരു മനസ്സും

കാലം മുന്നോട്ടു പോവുകയാണെന്ന്‌ ആദ്യം മനസ്സിലാക്കിയത്‌ ഇ-മാനാണ്‌. അങ്ങനെയാണ്‌ അദ്ദേഹം ഒരു ശാരികയെത്തന്നെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്‌. ഏകജാലകം അവൈലബിള്‍ ഫുള്‍ ക്വാറമാണ്‌ (വില്ലാളി ഒഴികെ എല്ലാവരും) ഇ-മാന്റെ ഡിജിറ്റല്‍ വീട്ടില്‍ നിക്കാഹിന്‌ എത്തിയത്‌. വീട്ടുകാരെക്കൊണ്ട്‌ 'നിങ്ങള്‍ക്കെപ്പോഴാ വണ്ടി' എന്നു ചോദിപ്പിക്കുന്നതു വരെ മുറ്റത്തും ഉമ്മറത്തുമായി കുറേ നേരം ചെലവഴിച്ചു. ഇ-മാന്‌ പക്ഷേ ഒരു കുഴപ്പമുണ്ട്‌. കല്ല്യാണമായാലും കളിയാട്ടമായാലും ആള്‍ കൂളാണ്‌. അന്നും ചളിയിറക്കലിന്‌ കുറവുണ്ടായില്ല എന്നര്‍ത്ഥം.
ഇപ്പോഴിതാ ജീവിതത്തിന്റെ രണ്ടാം ഖണ്ഡത്തിലേക്ക്‌ കടക്കാന്‍ പോവുന്നത്‌ യുഎമ്മുക്താറാണ്‌. സ്വന്തം നാട്ടില്‍ നിന്നു തന്നയൊണ്‌ പുള്ളിക്കാരന്‍ കളഞ്ഞുപോയ വാരിയെല്ലു കണ്ടെത്തിയത്‌. രണ്ടു കുടുംബക്കാരും പരസ്‌പരം അറിയുന്നവരായതിനാല്‍ നിശ്ചയം ചടപടാന്ന്‌ കഴിഞ്ഞു. ഈ മാസം 28ന്‌ നിക്കാഹ്‌. ഏപ്രില്‍ ഒന്നിനു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്‌ എന്നാണ്‌ കേള്‍വി. പിന്നെ മാറ്റിയത്‌ യുഎമ്മിന്റെ അഭിപ്രായ പ്രകാരമാണെന്നാണ്‌ അറിഞ്ഞത്‌. എന്തായാലും വില്ലാളി വീരന്‍ വരുന്നുണ്ട്‌്‌ ഈ മാസമവസാനം. ഫുള്‍ ക്വാറം പ്രതീക്ഷിക്കാം.

ശുചീകരണം; വാലും തലയും

ഏകജാലകത്തിന്റെ തറനിലയ്‌ക്കു ചുറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രസകരമായ ഒരു സംഭവമുണ്ടായി അതിനിടയ്‌ക്ക്‌.
ഹൗസ്‌ ഓണര്‍ ഏതാനും തമിഴന്‍മാരെയാണ്‌ ശുചീകരണജോലികള്‍ക്ക്‌ കണ്ടെത്തിയത്‌. 1000 രൂപയ്‌ക്ക്‌ കരാര്‍ ഉറപ്പിച്ചാണ്‌ ജോലി കൊടുത്തത്‌. എന്നാല്‍, ആദ്യഗേറ്റില്‍ നിന്ന്‌ ഇന്നര്‍ഗേറ്റ്‌ വരെയുള്ള ഭാഗങ്ങളിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടതിനു ശേഷം തമിഴന്‍മാര്‍ കൂലി കൂട്ടിച്ചോദിച്ചു. അധികമൊന്നുമില്ല, വെറും ആയിരം രൂപ കൂടി! ആര്‍ക്കാണ്‌ സുഖം തോന്നുക. എന്താണ്‌ പിന്നെ ഉണ്ടായതെന്ന്‌ അറിയില്ല. എന്തായാലും 11 മണിക്ക്‌ ശേഷം തമിഴന്‍മാരെ കണ്ടില്ല. രണ്ടു ദവിസം ചപ്പുചവറുകള്‍ വഴിയില്‍ കിടന്നു. ഇത്തരുണത്തില്‍ ഏകജാലകത്തിലെ ചില ഗാന്ധിയന്‍മാര്‍ വഴി വൃത്തിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ നാളെ വൃത്തിയാക്കാം എന്ന ധാരണയില്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങി.
പിറ്റേ ദിവസം ഏകജാലകമുള്‍പ്പെടെ മുറികളിലേക്ക്‌ പുക കുമിഞ്ഞു കയറിയതോടെയാണ്‌ എല്ലാവരും ഉറക്കമുണര്‍ന്നത്‌. എന്തുപറ്റിയെന്ന്‌ എല്ലാവരും ഉല്‍ക്കണഠപ്പെട്ടപ്പോഴാണ്‌ ഓണര്‍ കയറിവന്നതും ശുചീകരണജോലികള്‍ നടക്കുകയാണെന്നറിയിച്ചതും. പണിക്കാര്‍ ആരാണെന്നറിയേണ്ടേ.. തമിഴന്‍മാര്‍ തന്നെ.
മൂന്നാംകണ്ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ ആ പഴയ കഥ പറയുമായിരുന്നു.
(ഈ സാഹചര്യത്തില്‍ കഥ ഇങ്ങനെ വായിക്കുക: രണ്ട്‌ തമിഴന്‍മാര്‍ 1000 രൂപയ്‌ക്ക്‌ ശുചീകരണപ്രവൃത്തി കരാറെടുത്തു. എന്നാല്‍, പണി തുടങ്ങിയ അവര്‍ 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പണി നിര്‍ത്തിവയ്‌ക്കുമെന്ന്‌ അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ നിര്‍ത്തി വച്ചോളൂ എന്നായി തൊഴിലുടമ. അങ്ങനെ അവര്‍ പണി നിര്‍ത്തിപ്പോവാന്‍ തന്നെ തീര്‍ച്ചയാക്കി. പോവുമ്പോള്‍ അവര്‍ പറഞ്ഞത്രെ: പിന്നൊരു കാര്യം. ഞങ്ങള്‍ പറഞ്ഞ തുകയേക്കാള്‍ പറയുന്ന തുകയ്‌ക്ക്‌ ആരെങ്കിലും വന്നാല്‍....... അതിലും കുറഞ്ഞ തുകയ്‌ക്ക്‌ ഞങ്ങള്‍ അന്ത ജോലി കണ്ടിപ്പാ സെയ്‌തിടും. ജാഗ്രതൈ..!!!)
ശുഭം

Thursday, January 28, 2010

പാലുകാച്ചലിന്റെ കഥ; മനോരമ വാര്‍ത്തയുടെയും

കാലം കുറെയായി പുതിയ ഏകജാലകത്തില്‍ താമസം തുടങ്ങിയിട്ടെങ്കിലും പാലുകാച്ചല്‍ കഴിഞ്ഞിട്ട് അധികമായിട്ടില്ല. മുമ്പത്തെ താമസക്കാര്‍ ഉപേക്ഷിച്ചു പോയ 17ാം നൂറ്റാണ്ടിന്റെ മധ്യകാലത്തു കണ്ടുപിടിച്ച അലൂമിനിയം കുടുക്ക, വെണ്ണീറു നിറഞ്ഞ് കരിപിടിച്ചു കിടക്കുന്ന ഗോഥിക് അടുപ്പുകള്‍,


ഇക്കാന്റെ പീടികയിലെ തീപ്പെട്ടി, പറമ്പില്‍ സമൃദ്ധമായ ഉണങ്ങിയ തെങ്ങോലകള്‍, പഴയ പത്രങ്ങള്‍ പിന്നെ ഇക്കായുടെ കടയിലെത്തന്നെ നീലപാക്കറ്റ് മില്‍മ എന്നിവയാണ് പാലുകാച്ചല്‍ കര്‍മത്തിന് ഏകജാലകത്തില്‍ ലഭ്യമായ പൂജാസാധനങ്ങള്‍. മെസ്സിലേക്ക് ഒരു കിലോമീറ്റര്‍ നടന്നുവരണം. എന്നിട്ടു തിരിച്ചുപോണം. ആ നടപ്പൊരു രസമാണെങ്കിലും ചില ദിവസങ്ങളില്‍ മടുക്കും. പ്രത്യേകിച്ച് വൈകി എഴുന്നേല്‍ക്കുന്ന ദിനസങ്ങളില്‍. ഇതിനൊരു പ്രതിവിധിയായി പാണക്കാട്ടെ പച്ചയാണ് പാലുകാച്ചലിന്റെ രാഷ്ട്രീയം മുന്നോട്ടുവച്ചത്. മൂന്നാംകണ്ണനും മഞ്ചേരി മാണിക്യവും താഴെയുള്ള മറ്റൊരുത്തനുമായി കരാറൊപ്പിടുകയും പാലുകാച്ചല്‍ തുടങ്ങുകയും ചെയ്തു. സഭയിലെ ന്യൂനപക്ഷമെന്ന നിലയില്‍ ആത്മാവിന് ഇക്കാര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അങ്ങനെ മംഗളമായി പോവുമ്പോഴാണ് മനോരമയുടെ റിപോര്‍ട്ട് വരുന്നത്. പാലില്‍ അതിരരൂക്ഷമായ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് പോലും! ഒന്നാംപേജിലും എഡിറ്റോറിയല്‍ പേജിലും വിശദമായ റിപോര്‍ട്ട്. കൂട്ടത്തില്‍ ഒരു സബ്‌ടൈറ്റിലും: പാലില്‍ വിഷം കൂടുതല്‍ കോഴിക്കോട്ട്. പാക്കറ്റ് പാലിന്റെ കാര്യമാണ് ഇപ്പറഞ്ഞത് കെട്ടോ. ഏകജാലകം ഞെട്ടി. പാല്‍ വിപണിയെ തകര്‍ക്കാനുള്ള ആഗോള മാധ്യമ ഗൂഢാലോചനയുടെ ഭാഗമാണ് വാര്‍ത്തയെന്ന് മാണിക്യവും പച്ചയും കരുതുന്നു. എന്തായാലും ഇനി പാലുകാച്ച് തുടരണമോ എന്നതു സംബന്ധിച്ച തീരുമാനെടുക്കാന്‍ ഏകജാലകം എത്രയും പെട്ടെന്ന് അവൈലബിള്‍ പി.ബി കൂടാനുള്ള നീക്കത്തിലാണ്.

Thursday, December 3, 2009

രണ്ടാമൂഴം, ഒരു വര്‍ഷത്തിനു ശേഷം

ഒരു വര്‍ഷമായില്ല. അപ്പോഴേക്കും കൂടല്ലൂരിന്റെ ആത്മാവ്‌ തിരിച്ചെത്തിയിരിക്കുന്നു. പഴയ കളികള്‍ കളിക്കാനും പുതിയ കളികള്‍ കളിപ്പിക്കാനും. ബി.എഡ്‌ ചെയ്‌ത്‌ മാഷാവാനായിരുന്നു പോക്ക്‌. മൂവാറ്റുപുഴയിലെ യുദ്ധങ്ങള്‍ക്കു ശേഷം 2009 നവമ്പര്‍ ഏഴിന്‌ കോഴിക്കോട്ട്‌ തന്നെ തിരിച്ചെത്തി. എന്നാല്‍, കാര്യങ്ങളൊക്കെ ആകെ മാറിയിരുന്നു. പഴയ തറവാട്ടുവീട്ടില്‍ നിന്ന്‌ ഏകജാലകപ്പട പുതിയ വീട്ടിലേക്ക്‌ താമസം മാറ്റിയിരുന്നു. വയനാട്ടുകാരന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു സ്ഥലംമാറുകയും ചെയ്‌തു. ഇപ്പോഴത്തെ വീട്ടില്‍ ഒരു പാടു പേരുണ്ട്‌.പക്ഷേ ഓരോ മുറിയും ഓരു എയര്‍ടൈറ്റ്‌ കമ്പാര്‍ട്ടമെന്റാണ്‌. എന്നാലും വേണ്ടില്ല. ടെറസിലേക്ക്‌ തുറക്കുന്ന വാതിലും ഏകജാലകത്തിന്റെ സ്വകാര്യതകളുമായി അങ്ങനെ കൂടാമല്ലോ. പഴയ പോലെയല്ല, മൂന്നാംകണ്ണന്റെ മൊബൈല്‍ നോകിയാ മ്യൂസിക്‌ എഡിഷനാ. പാട്ടും കവിതയും മലപ്പുറം പ്രസംഗങ്ങളുമൊക്കെയായി അങ്ങനെ കൂടും. പക്ഷേ തമാശകളുടെ എണ്ണവും ശക്തിയും അത്ര പോരാ. പാണക്കാട്ടെ പച്ചയ്‌ക്ക്‌ ഒരല്‍പ്പം ഗൗരവസ്വഭാവവും കൈവന്നിരിക്കുന്നു. ആ.. പിന്നെ, കെ ഇ എന്നിന്റെ ശിഷ്യന്‍ മുഖ്‌ത്താറും വയനാട്ടുകാരന്‍ പ്രശ്‌നേട്ടനും ഏകജാലകമുറിയില്‍ എത്തിയിരിക്കുന്നു എന്നതും വിശേഷങ്ങള്‍ തന്നെ.