Thursday, January 28, 2010

പാലുകാച്ചലിന്റെ കഥ; മനോരമ വാര്‍ത്തയുടെയും

കാലം കുറെയായി പുതിയ ഏകജാലകത്തില്‍ താമസം തുടങ്ങിയിട്ടെങ്കിലും പാലുകാച്ചല്‍ കഴിഞ്ഞിട്ട് അധികമായിട്ടില്ല. മുമ്പത്തെ താമസക്കാര്‍ ഉപേക്ഷിച്ചു പോയ 17ാം നൂറ്റാണ്ടിന്റെ മധ്യകാലത്തു കണ്ടുപിടിച്ച അലൂമിനിയം കുടുക്ക, വെണ്ണീറു നിറഞ്ഞ് കരിപിടിച്ചു കിടക്കുന്ന ഗോഥിക് അടുപ്പുകള്‍,


ഇക്കാന്റെ പീടികയിലെ തീപ്പെട്ടി, പറമ്പില്‍ സമൃദ്ധമായ ഉണങ്ങിയ തെങ്ങോലകള്‍, പഴയ പത്രങ്ങള്‍ പിന്നെ ഇക്കായുടെ കടയിലെത്തന്നെ നീലപാക്കറ്റ് മില്‍മ എന്നിവയാണ് പാലുകാച്ചല്‍ കര്‍മത്തിന് ഏകജാലകത്തില്‍ ലഭ്യമായ പൂജാസാധനങ്ങള്‍. മെസ്സിലേക്ക് ഒരു കിലോമീറ്റര്‍ നടന്നുവരണം. എന്നിട്ടു തിരിച്ചുപോണം. ആ നടപ്പൊരു രസമാണെങ്കിലും ചില ദിവസങ്ങളില്‍ മടുക്കും. പ്രത്യേകിച്ച് വൈകി എഴുന്നേല്‍ക്കുന്ന ദിനസങ്ങളില്‍. ഇതിനൊരു പ്രതിവിധിയായി പാണക്കാട്ടെ പച്ചയാണ് പാലുകാച്ചലിന്റെ രാഷ്ട്രീയം മുന്നോട്ടുവച്ചത്. മൂന്നാംകണ്ണനും മഞ്ചേരി മാണിക്യവും താഴെയുള്ള മറ്റൊരുത്തനുമായി കരാറൊപ്പിടുകയും പാലുകാച്ചല്‍ തുടങ്ങുകയും ചെയ്തു. സഭയിലെ ന്യൂനപക്ഷമെന്ന നിലയില്‍ ആത്മാവിന് ഇക്കാര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അങ്ങനെ മംഗളമായി പോവുമ്പോഴാണ് മനോരമയുടെ റിപോര്‍ട്ട് വരുന്നത്. പാലില്‍ അതിരരൂക്ഷമായ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് പോലും! ഒന്നാംപേജിലും എഡിറ്റോറിയല്‍ പേജിലും വിശദമായ റിപോര്‍ട്ട്. കൂട്ടത്തില്‍ ഒരു സബ്‌ടൈറ്റിലും: പാലില്‍ വിഷം കൂടുതല്‍ കോഴിക്കോട്ട്. പാക്കറ്റ് പാലിന്റെ കാര്യമാണ് ഇപ്പറഞ്ഞത് കെട്ടോ. ഏകജാലകം ഞെട്ടി. പാല്‍ വിപണിയെ തകര്‍ക്കാനുള്ള ആഗോള മാധ്യമ ഗൂഢാലോചനയുടെ ഭാഗമാണ് വാര്‍ത്തയെന്ന് മാണിക്യവും പച്ചയും കരുതുന്നു. എന്തായാലും ഇനി പാലുകാച്ച് തുടരണമോ എന്നതു സംബന്ധിച്ച തീരുമാനെടുക്കാന്‍ ഏകജാലകം എത്രയും പെട്ടെന്ന് അവൈലബിള്‍ പി.ബി കൂടാനുള്ള നീക്കത്തിലാണ്.