Wednesday, March 24, 2010

രണ്ട്‌ ശരീരവും ഒരു മനസ്സും

കാലം മുന്നോട്ടു പോവുകയാണെന്ന്‌ ആദ്യം മനസ്സിലാക്കിയത്‌ ഇ-മാനാണ്‌. അങ്ങനെയാണ്‌ അദ്ദേഹം ഒരു ശാരികയെത്തന്നെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്‌. ഏകജാലകം അവൈലബിള്‍ ഫുള്‍ ക്വാറമാണ്‌ (വില്ലാളി ഒഴികെ എല്ലാവരും) ഇ-മാന്റെ ഡിജിറ്റല്‍ വീട്ടില്‍ നിക്കാഹിന്‌ എത്തിയത്‌. വീട്ടുകാരെക്കൊണ്ട്‌ 'നിങ്ങള്‍ക്കെപ്പോഴാ വണ്ടി' എന്നു ചോദിപ്പിക്കുന്നതു വരെ മുറ്റത്തും ഉമ്മറത്തുമായി കുറേ നേരം ചെലവഴിച്ചു. ഇ-മാന്‌ പക്ഷേ ഒരു കുഴപ്പമുണ്ട്‌. കല്ല്യാണമായാലും കളിയാട്ടമായാലും ആള്‍ കൂളാണ്‌. അന്നും ചളിയിറക്കലിന്‌ കുറവുണ്ടായില്ല എന്നര്‍ത്ഥം.
ഇപ്പോഴിതാ ജീവിതത്തിന്റെ രണ്ടാം ഖണ്ഡത്തിലേക്ക്‌ കടക്കാന്‍ പോവുന്നത്‌ യുഎമ്മുക്താറാണ്‌. സ്വന്തം നാട്ടില്‍ നിന്നു തന്നയൊണ്‌ പുള്ളിക്കാരന്‍ കളഞ്ഞുപോയ വാരിയെല്ലു കണ്ടെത്തിയത്‌. രണ്ടു കുടുംബക്കാരും പരസ്‌പരം അറിയുന്നവരായതിനാല്‍ നിശ്ചയം ചടപടാന്ന്‌ കഴിഞ്ഞു. ഈ മാസം 28ന്‌ നിക്കാഹ്‌. ഏപ്രില്‍ ഒന്നിനു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്‌ എന്നാണ്‌ കേള്‍വി. പിന്നെ മാറ്റിയത്‌ യുഎമ്മിന്റെ അഭിപ്രായ പ്രകാരമാണെന്നാണ്‌ അറിഞ്ഞത്‌. എന്തായാലും വില്ലാളി വീരന്‍ വരുന്നുണ്ട്‌്‌ ഈ മാസമവസാനം. ഫുള്‍ ക്വാറം പ്രതീക്ഷിക്കാം.

ശുചീകരണം; വാലും തലയും

ഏകജാലകത്തിന്റെ തറനിലയ്‌ക്കു ചുറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രസകരമായ ഒരു സംഭവമുണ്ടായി അതിനിടയ്‌ക്ക്‌.
ഹൗസ്‌ ഓണര്‍ ഏതാനും തമിഴന്‍മാരെയാണ്‌ ശുചീകരണജോലികള്‍ക്ക്‌ കണ്ടെത്തിയത്‌. 1000 രൂപയ്‌ക്ക്‌ കരാര്‍ ഉറപ്പിച്ചാണ്‌ ജോലി കൊടുത്തത്‌. എന്നാല്‍, ആദ്യഗേറ്റില്‍ നിന്ന്‌ ഇന്നര്‍ഗേറ്റ്‌ വരെയുള്ള ഭാഗങ്ങളിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടതിനു ശേഷം തമിഴന്‍മാര്‍ കൂലി കൂട്ടിച്ചോദിച്ചു. അധികമൊന്നുമില്ല, വെറും ആയിരം രൂപ കൂടി! ആര്‍ക്കാണ്‌ സുഖം തോന്നുക. എന്താണ്‌ പിന്നെ ഉണ്ടായതെന്ന്‌ അറിയില്ല. എന്തായാലും 11 മണിക്ക്‌ ശേഷം തമിഴന്‍മാരെ കണ്ടില്ല. രണ്ടു ദവിസം ചപ്പുചവറുകള്‍ വഴിയില്‍ കിടന്നു. ഇത്തരുണത്തില്‍ ഏകജാലകത്തിലെ ചില ഗാന്ധിയന്‍മാര്‍ വഴി വൃത്തിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ നാളെ വൃത്തിയാക്കാം എന്ന ധാരണയില്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങി.
പിറ്റേ ദിവസം ഏകജാലകമുള്‍പ്പെടെ മുറികളിലേക്ക്‌ പുക കുമിഞ്ഞു കയറിയതോടെയാണ്‌ എല്ലാവരും ഉറക്കമുണര്‍ന്നത്‌. എന്തുപറ്റിയെന്ന്‌ എല്ലാവരും ഉല്‍ക്കണഠപ്പെട്ടപ്പോഴാണ്‌ ഓണര്‍ കയറിവന്നതും ശുചീകരണജോലികള്‍ നടക്കുകയാണെന്നറിയിച്ചതും. പണിക്കാര്‍ ആരാണെന്നറിയേണ്ടേ.. തമിഴന്‍മാര്‍ തന്നെ.
മൂന്നാംകണ്ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ ആ പഴയ കഥ പറയുമായിരുന്നു.
(ഈ സാഹചര്യത്തില്‍ കഥ ഇങ്ങനെ വായിക്കുക: രണ്ട്‌ തമിഴന്‍മാര്‍ 1000 രൂപയ്‌ക്ക്‌ ശുചീകരണപ്രവൃത്തി കരാറെടുത്തു. എന്നാല്‍, പണി തുടങ്ങിയ അവര്‍ 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പണി നിര്‍ത്തിവയ്‌ക്കുമെന്ന്‌ അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ നിര്‍ത്തി വച്ചോളൂ എന്നായി തൊഴിലുടമ. അങ്ങനെ അവര്‍ പണി നിര്‍ത്തിപ്പോവാന്‍ തന്നെ തീര്‍ച്ചയാക്കി. പോവുമ്പോള്‍ അവര്‍ പറഞ്ഞത്രെ: പിന്നൊരു കാര്യം. ഞങ്ങള്‍ പറഞ്ഞ തുകയേക്കാള്‍ പറയുന്ന തുകയ്‌ക്ക്‌ ആരെങ്കിലും വന്നാല്‍....... അതിലും കുറഞ്ഞ തുകയ്‌ക്ക്‌ ഞങ്ങള്‍ അന്ത ജോലി കണ്ടിപ്പാ സെയ്‌തിടും. ജാഗ്രതൈ..!!!)
ശുഭം