Monday, April 19, 2010

ഉമ്മായുടെ ഐഡിയയും ഇ-മാന്റെ റ്റാറ്റയും

ഏപ്രില്‍ 15 വ്യാഴാഴ്‌ച രാവിലെ. മലയാളികള്‍ വിഷുക്കണിയും വെടിക്കെട്ടും ഒരുക്കിയ സുദിനത്തിലാണ്‌ ഇ-മാന്‍ നിക്കാഹിതയായ വീടരെ സ്വവസതിയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. മണവാട്ടിയെ ആനയിക്കാനുള്ള സ്‌ത്രീപ്പടയെ അനുഗമിച്ച്‌ 10ല്‍ താഴെ വരുന്ന പുരുഷ കേസരികള്‍. ഏകജാലകത്തെ പ്രതിനിധീകരിച്ച്‌ മൂന്നാംകണ്ണന്‍ രാവിലെ 9.45ഓടെ ഇ-വസതിയിലെത്തി. 10.30ഓടെ പുറപ്പെട്ട കല്യാണപ്പാര്‍ട്ടി കൃത്യം 12ന്‌ വധൂഗൃഹത്തില്‍ കാലുകുത്തി.
തൊട്ടടുത്ത്‌ കുറേ പാറക്കെട്ടുകള്‍ കണ്ടപ്പോള്‍ ഇ-മാന്‌ അല്‍പ്പം ഫോട്ടോ എടുത്താലോ എന്നൊരു പൂതി. പെട്ടെന്നാണ്‌ പുള്ളിക്ക്‌ അക്കാര്യം ഓര്‍മവന്നത്‌. താന്‍ ഇവിടെ വന്നിരിക്കുന്നത്‌ മണവാളനായിട്ടാണ്‌. അത്‌ കൊണ്ട്‌ കാമറ മൂന്നാംകണ്ണന്‌ കൈമാറി ചാഞ്ഞും ചെരിഞ്ഞു മരത്തില്‍ ചാരിയും കുമ്പിട്ടും കുനിഞ്ഞുമെല്ലാം വേണ്ടുവോളം പോസ്‌ ചെയ്‌തു. അസ്സല്‍ ചെക്കന്റെ വീട്ടുകാരുടെ ബോഡിഷോ തന്നെ. ഇതിനിടയില്‍ താന്‍ മണവാട്ടിയുടെ വീട്ടിലാണെന്ന കാര്യവും ഇ-മാന്‍ മറന്നോ ആവോ? ഏതായാലും പുതിയാപ്പിള വിളിക്കുന്നതൊന്നും കാത്തുനില്‍ക്കാതെ മണവാട്ടി നാത്തൂന്‍ സമേതം വീടുവിട്ടു. ഇതു കണ്ട്‌ ഓടിച്ചെന്ന ഇ-മാന്‍ യാതൊരു ഭാവമാറ്റവുമില്ലാതെ വീണ്ടും ഫോട്ടോ സെഷന്‌ ഉത്തരവിട്ടു.
രണ്ടേമുക്കാലോടെ വധുവും പരിവാരങ്ങളും ഇ-മാന്റെ വീട്ടിലെത്തി. പന്തലില്‍ വച്ച്‌ കുറച്ചുകൂടി ഫോട്ടോസ്‌ എടുത്താലോ എന്ന്‌ മണവാളനൊരു പൂതി. വീണ്ടും ഫോട്ടോ സെഷന്‍. ഇതിനിടെ ഇ-മാന്‍ എണീറ്റ തക്കം നോക്കി ഉമ്മയെത്തി മണവാട്ടിയെ അകത്തേക്ക്‌ ക്ഷണിച്ചു. അതുകൂടി കാമറയില്‍ പകര്‍ത്തണമെന്ന്‌ പുയ്യാപ്ലക്ക്‌ നിര്‍ബന്ധം. വീണ്ടുമൊരു ഫോട്ടോ സെഷന്‍ കൂടി അവിടെ നടക്കുമോ എന്നോര്‍ത്ത്‌ അതിഥികള്‍ സ്‌തംഭിച്ചു നില്‍ക്കവെ ഉമ്മ മണവാട്ടിയുമായി അകത്തേക്ക്‌. ഇതുകണ്ട്‌ പരിസരം മറന്ന ഇ-മാന്‍ നിന്നനില്‍പ്പില്‍ ഒരു കമന്റ്‌ പാസാക്കി: "ഈ ഉമ്മാക്ക്‌ ഒരൈഡിയയുമില്ല". ഇനി ഐഡിയ വേണ്ടത്‌ നിനക്കാണെന്ന്‌ കേട്ടവരിലൊരാള്‍. അല്‍പ്പം കഴിഞ്ഞ്‌ യാത്ര പറഞ്ഞ്‌ മടങ്ങുകയായിരുന്ന മൂന്നാംകണ്ണനോട്‌ റ്റാറ്റാ പറഞ്ഞ മണവാളന്‍ ആത്മഗതം കൊണ്ടു: "ദുഷ്ടാ, ഇന്നു ഞാന്‍ നിന്റെ കൈയിലിരിപ്പ്‌ മുഴുവന്‍ സഹിക്കേണ്ടി വരുമല്ലോ".

Thursday, April 8, 2010

കുംഭകര്‍ണന്‍മാരും റിപ്‌വാന്‍ വിങ്കിളും

പഴയ കോളജ്‌ സുഹൃത്തുക്കളോടൊപ്പം ഒരു രാത്രി ചെലവഴിച്ചതിന്റെ ഹാങോവറില്‍ ബ്ലൂ ബെല്‍സില്‍ മടങ്ങിയെത്തിയതാണ്‌ മൂന്നാംകണ്ണന്‍. കോണി കയറുമ്പോള്‍ ലൗബ്രേറിയനൊപ്പം ഇറങ്ങി വന്നയാള്‍ ഇങ്ങനെ പറഞ്ഞു: "മൈ നെയിം ഈസ്‌ (അയ്യൂബ്‌) ഖാന്‍, ഫക്ഷണം കഴിക്കാന്‍ പോരുന്നോ?" അവരോടോപ്പം വട്ടക്കിണറിലിറങ്ങി വട്ടത്തിലിരുന്ന്‌ വട്ടത്തില്‍ തന്നെയുള്ള നാല്‌ ഇഡ്ഡലിയും കഴിച്ച്‌ മുറിയിലെത്തി. ഇതെന്ത്‌ കഥ. സമയം 11നോട്‌ അടുത്തിട്ടും നാലു കെട്ടനും പച്ചപ്പൊട്ടനും വല്യേട്ടനും ഉണര്‍ന്നിട്ടില്ല. പെണ്ണുകെട്ടന്‍ അതിരാവിലെ സ്ഥലം വിട്ടിട്ടുണ്ട്‌. കൈയില്‍ കാശില്ലാത്തതിനാല്‍ രാവിലത്തെ ചായ ലാഭിക്കാനായി ഉറക്കം നടിക്കുകയായിരുന്നു നാലു കെട്ടനും പച്ചപ്പൊട്ടനുമെന്നാണ്‌ ആക്ഷേപം.
ഉച്ച തിരിഞ്ഞു മൂന്നോട്‌ കൂടി ഇരു കുംഭകര്‍ണന്‍മാരുമൊത്ത്‌ മൂന്നാംകണ്ണന്‍ ആപ്പീസിലേക്ക്‌ തിരിച്ചു. എന്നിട്ടും ഉണരാതെ വല്യേട്ടന്‍ കിടപ്പ്‌ തുടരുകയാണ്‌. തലേന്ന്‌ രാത്രി കിടന്നതാണ്‌ മൂപ്പര്‍. 25 കൊല്ലം തുടര്‍ച്ചയായി ഉറങ്ങിയ റിപ്‌വാന്‍ വിങ്കിളിന്റെ റെക്കോഡ്‌ പുള്ളി സ്വന്തം പേരില്‍ കുറിക്കുമോ എന്നറിയാന്‍ ഉണരും വരെ കാത്തിരിക്കുക തന്നെ.