Friday, August 22, 2008

(കന്യാ)കുമാരിയുടെ മനം കവര്‍ന്ന കൊച്ചുകള്ളന്‍




കന്യാകുമാരിയില്‍ ഷോപ്പിങ്ങിന്‌ ഇറങ്ങിയതായിരിന്നു ഞങ്ങളുടെ നാല്‍വര്‍ സംഘം. വീടിനോട്‌ ചേര്‍ന്നുകിടക്കുന്ന ഒരു കുഞ്ഞു കടയില്‍ നിരത്തിവച്ച വിവിധ നിറങ്ങളിലുള്ള ഹെയര്‍ബാന്‍ഡുകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. ഒന്നുനോക്കീട്ടു പോവാമെന്നായി ഏകകണ്‌ഠമായ തീരുമാനം. കടയിലുള്ളത്‌ മധ്യവയസ്‌കയായ സ്‌ത്രീയും ബാല്യത്തിനും കൗമാരത്തിനുമിടയിലലെത്തിയ ഒരു പെണ്‍കുട്ടിയും. അവള്‍ക്ക്‌ 11ഓ 12ഓ 13ഓ വയസ്സ്‌ പ്രായം കാണും. കടയില്‍ കയറിയ മൂന്നുപര്‍ക്ക്‌ ഹെയര്‍ബാന്‍ഡിലേക്കും ശേഷിക്കുന്നയാള്‍ക്ക്‌ ആ തമിഴ്‌ പെണ്‍കൊടിയുടെ മുടിയിലേക്കുമായിരുന്നു ശ്രദ്ധ. അവളുടെ മുടി പിന്നിയിട്ടു കൊടുക്കുകയായിരിന്ന കടക്കാരി ഞങ്ങള്‍ക്ക്‌ ഓരോന്നിന്റെയും വില തെറ്റാതെ പറഞ്ഞു തന്നു.ഇതിന്നിടയില്‍ എപ്പഴോ കഥാനായകന്റെയും തമിഴ്‌ നായികയുടെയും കണ്ണുകള്‍ പരസ്‌പരം ഇടഞ്ഞു.അവളുടെ നോട്ടത്തില്‍ 'എന്തോ' കണ്ട അവന്‌ സന്തോഷം തോന്നി. കൂട്ടത്തില്‍ ഒരാളോട്‌ അത്‌ പങ്ക്‌ വെക്കുകയും ചെയ്‌തു. പക്ഷെ നായിക വില്ലത്തിയാവാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. അവനെ നോക്കി നോക്കി അവളുടെ നോട്ടം കൂടുതല്‍ കൂടുതല്‍ രൂക്ഷമായി. ഒടുവില്‍ അവള്‍ മനസ്സു തുറന്നു. ഹെയര്‍ബാന്‍ഡുകളില്‍ ഒന്ന്‌ അവന്‍ പോക്കറ്റിലാക്കിയത്രേ. അഞ്ചു രൂപമാത്രം വിലവരുന്ന അതെടുത്തിട്ട്‌ എന്ത്‌ കിട്ടാനാണ്‌ എന്നായി ഞങ്ങള്‍."പറവായില്ലെ, കിളിന്ത്‌ സുമ്മാമുടിഞ്ചതാവും" എന്ന്‌ സ്‌ത്രീ പറഞ്ഞെങ്കിലും ഞങ്ങള്‍ വിട്ടില്ല.വേണമെങ്കില്‍ പരിശോധിക്കാമെന്ന്‌ പറഞ്ഞ്‌ അവന്‍ പോക്കറ്റിലുള്ളതെല്ലാം പുറത്തെടുത്ത്‌്‌ കാണിച്ചു. ഇത്രയുമായപ്പോഴേക്ക്‌ പെണ്‍കുട്ടി ഉള്‍വലിഞ്ഞിരിന്നു. പിന്നെ അവള്‍ തലയും താഴ്‌ത്തി അകത്തോട്ട്‌ പോയി. പക്ഷേ ഇടക്കിടെ അവള്‍ വാതിലിനിടയിലൂടെ തലയിട്ട്‌ നോക്കുന്നത്‌ അവന്‍ മാത്രം കണ്ടു. അവിടം വിടുന്നത്‌ വരെ അവര്‍ പരസ്‌പരം നോക്കിയെന്നാണ്‌ ഒടുവില്‍ കിട്ടിയ റിപോര്‍ട്ട്‌്‌. ഇതിനിടയില്‍ സംഭവമറിഞ്ഞ വീട്ടിലെ മുത്തശ്ശി അവളെ ശകാരിക്കുന്നതും കാണാമായിരുന്നു.മടങ്ങി വരുമ്പോള്‍ മ്ലാനവദനനായിരുന്ന അവനെ ഞങ്ങള്‍ സമാധാനിപ്പിച്ചു. തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെന്നും നിന്നോടെന്തോ തോന്നിയതു കൊണ്ടാണ്‌ അവള്‍ അങ്ങനെയൊക്കെ പെരുമാറിയതെന്നും അവനോട്‌ പറഞ്ഞു. കൊച്ചുകള്ളന്‍...അടിച്ചെടുത്തത്‌ ഹെയര്‍ബാന്‍ഡല്ല അവളുടെ ഹൃദയമായിരുന്നു.

3 comments:

മൂന്നാംകണ്ണ്‌ said...

Hum...!

സ്‌പന്ദനം said...

ഏകജാലകത്തിന്റെ സ്വന്തം പ്രജകളേ സ്വാഗതം.

രജന said...

ഇതു കൊള്ളാം.........
സഫ്‌വാനെ അവതരിപ്പിച്ചതു കുറച്ച്‌ ഓവറായി എന്നതൊഴിച്ചാല്‍...
ഏകജാലകം തുറന്നപ്പോള്‍ പോയ കാറ്റ്‌ അങ്ങ്‌ അമേരിക്കയിലെ ടെക്‌സസില്‍ വീശി എന്നാണ്‌ പത്രവാര്‍ത്ത. അവന്‍മാര്‍ അതിന്‌ ഐക്‌ കൊടുങ്കാറ്റ്‌ എന്നു പേരുമിട്ടു. ഈ ബുഷിന്റെ ഒരു കാര്യം. സി.ഐ.എയുടെ ചാരക്കണ്ണുകള്‍ നസീറിനെ കണ്ടെത്തും മുമ്പ്‌ എഡിറ്റ്‌ പേജ്‌ കൊണ്ട്‌ മുഖം മറച്ചാല്‍ നല്ലത്‌.